Friday 29 March 2013

ലോകാ സമസ്താ യന്ത്ര വൽക്രുതായ സുഖിനോ ഭവന്തു 
പ്രകൃതിപരവും യുദ്ധപരവുമായ പ്രതികൂല സാഹചര്യങ്ങൾ കൊണ്ട് ഏറെ ക്ലേശിക്കുന്ന ജപ്പാൻ എന്ന ദ്വീപു സമൂഹത്തെ, ലോകത്തിലെ തന്നെ വൻ സാമ്പത്തിക ശക്തിയാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ഒരു ഘടകം, അവരുടെ സാങ്കേതിക വിദ്യയിലുള്ള പരിജ്ഞാനവും അത് വികസിപ്പിച്ചു മറ്റു രാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്തതും ആയിരുന്നു. ഇന്ത്യ അടക്കമുള്ള വികസ്വര- അവികസിത രാഷ്ട്രങ്ങളെല്ലാം തന്നെ ജപ്പാന്റെ യന്ത്ര സാമഗ്രികളുടെ ഉപഭോക്താക്കളാണ്. അതുകൊണ്ട് തന്നെ ഇന്നും ജപ്പാൻ ഒരു വൻ സാമ്പത്തിക ശക്തിയായി തുടരുന്നു.

ജപ്പാനെ പിന്തുടർന്ന് ഇന്ത്യയും വരും നാളുകളിൽ ഒരു സാമ്പത്തിക ശക്തിയായി പരിണമിക്കാൻ പോകുന്നു വന്നതാണ് വസ്തുത. ഇന്ത്യയുടെ ഈ മേഖലയിലെ മുന്നേറ്റത്തിനു ചുക്കാൻ പിടിക്കുന്നതാകട്ടെ നമ്മുടെ കൊച്ചു കേരളവും...! ഇപ്പോൾ തന്നെ ഗൾഫിലെക്കടക്കം ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും കേരളത്തിലെ ഒരൊറ്റ വ്യക്തിയുടെ ഫാക്റ്ററിയിൽ നിർമ്മിക്കുന്ന യന്ത്രങ്ങൾ വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ഈ യന്ത്രങ്ങളാകട്ടെ ലോകത്ത് മറ്റൊരാൾക്കും നിർമ്മിതിയിൽ അനുകരിക്കാനാവാത്ത അതീവ ശക്തി വിശേഷങ്ങളുള്ളവയും ...!! വരും നാളുകളിൽ ഈ യന്ത്ര വില്പ്പന ഇനിയും വർദ്ധിക്കും എന്നാണു കണക്കു കൂട്ടപ്പെടുന്നത് . കേരളീയരായ ഒരോരുത്തർക്കും ഈ വിസ്മയകരമായ മുന്നേറ്റത്തിൽ അഭിമാനിക്കാം, "ലോകാ സമസ്താ യന്ത്രവൽക്രുതായ സുഖിനോ ഭവന്തു ..! മാഷാ ആറ്റുകാൽ രാധാകൃഷ്ണൻ"...!!

വാൽകഷ്ണം : ലോകത്തുള്ള സകലമാന ജനങ്ങളുടെയും പ്രശ്ന പരിഹാരം ഗണിച്ചു കാണുന്ന ടിയാൻ, സ്വന്തം മകളെ കാണാതായപ്പോൾ ഗണിച്ചു നോക്കാൻ ഏൽപ്പിച്ചത് കേരള പോലീസിനെ ...!!

No comments:

Post a Comment