Saturday, 29 December 2012

നിരീശ്വരവാദികളുടെ പിതൃത്വം 
നിരീക്ഷണ പരീക്ഷണങ്ങള്‍ കൊണ്ട് തെളിയിച്ചതും തെളിയിക്കപ്പെടാവുന്നതുമായ സത്യങ്ങളെയാണ് ശാസ്ത്രമായി പരിഗണിക്കപ്പെടുന്നത്, തെളിവുകള്‍ക്കാണ് ശാസ്ത്രത്തില്‍ പ്രാധാന്യം. അതുകൊണ്ട് തന്നെ തെളിവുകളില്ലാത്ത ശാസ്ത്ര പരിധിക്കപ്പുറം വരുന്ന കാര്യങ്ങളെയൊന്നും ഒരു ശാസ്ത്ര വിശ്വാസിയായ യുക്തിവാദി വിശ്വസിക്കാന്‍ ബാധ്യസ്തനല്ല, അത്തരം കാര്യങ്ങളെയെല്ലാം അവന്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കാന്‍ മാറ്റിവെക്കുന്നു. മനുഷ്യന്റെ അടിസ്ഥാന സംവേദന ഉപാധിയായ പഞ്ചെന്ത്രിയങ്ങള്‍ക്ക് പോലും ബോധ്യപ്പെടാത്ത ദൈവത്തിന്റെ കാര്യത്തിലും ഈ തെളിവുകള്‍ ബാധകമാണെന്ന് ഒരു യുക്തിവാദി വിശ്വസിക്കുന്നു . അതുകൊണ്ട് തന്നെ ഇത്തരം ഒരു രീതിശാസ്ത്രം സമസ്ത കാര്യങ്ങളിലും കാത്തു സൂക്ഷിക്കുന്ന നിരീശ്വരവാദിക്കു പലപ്പോഴും വിശ്വാസികളില്‍ നിന്നും നേരിടേണ്ടി വന്നിട്ടുള്ള, (വരുന്ന) ഒരു ചോദ്യമാണ് " താങ്കളുടെ പിതാവ്, താങ്കളുടെ യഥാര്‍ത്ഥ പിതാവാണെന്നു താങ്കള്‍ വിശ്വസിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണോ ..? എല്ലാം തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്ന യുക്തിവാദിക്ക് ഈ കാര്യത്തിലുള്ള തെളിവിന്റെ അഭാവം "യുക്തി"സഹമായി തന്നെ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു ...!!.അതോടൊപ്പം തെളിവുകളില്ലാത്ത മതകാര്യങ്ങളില്‍ തങ്ങളുടെ കണ്ണടച്ചുള്ള വിശ്വാസത്തെ ന്യായീകരിക്കാനുള്ള വിശ്വാസികളുടെ "യുക്തിവാദ "വും ആണിത്. എന്നാല്‍ പിതൃത്വം തെളിവുകളില്ലാത്ത ഒന്നാണോ ...!??


കുടുംബ വ്യവസ്ഥിതിയിലധിഷ്ട്ടിതമായ ജീവിത ശൈലിയാണ് മനുഷ്യന്‍ അനുവര്‍ത്തിച്ചു വരുന്നത്, വൈകാരിക ബന്ധങ്ങളും സ്വകാര്യ സ്വത്തിന്റെ സ്വരൂപണവും കൈമാറ്റവുമൊക്കെ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത്തരം ഒരു ആവാസ വ്യവസ്ഥയിലുള്ള മനുഷ്യന്‍ തങ്ങളുടെ മാതാപിതാക്കളുടെ "ഒറിജിനാലിറ്റി" അന്വേഷണ വിധേയമാക്കി തെളിയിച്ചിട്ടല്ല അവരെ മാതാപിതാക്കളായി പരിഗണിച്ചു വരുന്നത്. നമ്മളാരും അതില്‍ വ്യാകുലചിത്തരല്ലാത്തതുകൊണ്ടും അതുകൊണ്ട് പ്രത്യേക ഗുണമൊന്നും ലഭിക്കാത്തതുകൊണ്ടും നമ്മളാരും അതിനു മുതിരാറില്ല. വേണമെന്നുണ്ടെങ്കില്‍ നമ്മളെ വളര്‍ത്തി വലുതാക്കിയ നമ്മുടെ വൈകാരിക ബന്ധങ്ങള്‍ വിളക്കി ചേര്‍ക്കപ്പെട്ട ഈ ഗണിക്കപ്പെടുന്ന മാതാപിതാകളില്‍ ആരെ വേണമെങ്കിലും നമ്മള്‍ക്ക് നമ്മളുമായിട്ടുള്ള ബന്ധം തെളിയിക്കാനുള്ള ശാസ്ത്രരീതികള്‍ അവലംബിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ പിതൃത്വം തെളിവുകളില്ലാത്ത ഒന്നല്ല . നമ്മള്‍ വിശ്വസിക്കുന്ന ആളില്‍ തന്നെയോ, അല്ലങ്കില്‍ മറ്റൊരാളിലോ അതു സത്യമായി പര്യവസാനിക്കും. എന്നാല്‍ ദൈവം അപ്പോഴും വിശ്വാസികളുടെ മനസിലെ പിതൃശൂന്യനായ, തെളിവുകളില്ലാത്ത ഒരു വലിയ നുണ മാത്രമായി അവശേഷിക്കും ..!!

No comments:

Post a Comment